Thursday, November 29, 2007

ഒരു ഞണ്ടു പിടുത്ത പരീക്ഷണം

ഡാ രതീഷേ വെറുതെ ഇരുന്നു ബോര്‍ അടിക്കുന്നു എന്താ ചെയ്യുക, നമ്മക്ക് ഞണ്ട് പിടിക്കാന്‍ പോയാലോ? പക്ഷെ അതിനു അമ്പു വില്ലും ഇല്ലല്ലോ? അതൊക്കെ നമ്മക്ക് സംഘടിപ്പിക്കാം, നിന്റെ പക്കല്‍ പഴയ കൊട ഉണ്ടോടാ...... പിന്നെ ഒട്ടും താമസിച്ചില്ല, ആദ്യം പഴയ ഒരു കൊട സംഘടിപ്പിച്ചു. അതിന്റെ ഇല്ലി (കമ്പി) എടുത്തു ഒരു വശം കല്ലിലുരച്ചു മുനയുള്ള അമ്പ് ഉണ്ടാക്കി. പിന്നെ ഒരു ചെറിയ ജാതി (തേക്ക്) കൊമ്പ് കൊത്തിയെടുത്ത് വില്ലും ഉണ്ടാക്കി. നമ്മള് കൈപ്പാട് (കൃഷി ചെയ്യുന്ന ചതുപ്പു നിലം) ലക്‍ഷ്യമാക്കി നടന്നു. പോകുന്ന വഴിക്കു ഒരു പ്ലാസ്റ്റിക് സഞ്ചി എടുത്തു അരക്കിറുക്കി (അരയില്‍ ഇറുക്കി, അല്ലാതെ അരകിറുക്കൊന്നുമില്ല). വീട്ടില്‍ നിന്നും വെള്ളം കോരാന്‍ വന്ന നാരായണി വലിയമ്മ (ഞണ്ട് പിടുത്തത്തില് നമ്മുടെ ഗുരുക്കളായ രാജു മാഷിന്‍റെ അമ്മ) പറഞ്ഞു "എടാ നമ്മക്കും രണ്ടു ഞണ്ടിനെ തരണേ..." ഏറ്റെന്നു പറഞ്ഞു യാത്ര തുടന്നു.ഇന്നു ഞണ്ട് കിട്ടിയില്ലെങ്കില്‍ ആകെ ചമ്മും, വലിയ വീരവാദമൊക്കെ ഇളക്കി വരുന്നതാണെന്ന് എന്ന് ഞാന്‍ കൂട്ടുകാരോട് പറഞ്ഞു, അതുകൊണ്ട് ഞണ്ടു പിടിച്ചേ പറ്റൂ..... അപ്പൊ നമ്മുടെ സംഘത്തിലുള്ള കൂട്ടുകാരെ പരിചയപ്പെടേണ്ടെ. മമ്മൂട്ടി (രതീഷ് ), ഞണ്ട് പിടുത്തത്തില് ഡോക്ട്രറേറ്റ് എടുത്തവനാ അവന്‍. ആയുധം ഒന്നും ഇല്ലെങ്കിലും ഇവന് വെറും കൈകൊണ്ട് ഞണ്ട് പിടിക്കും, അത്ര വിദഗ്ധനാണവന്‍. അപ്പാച്ചി (രജീഷ്) ഉന്നത്തിന്റെ (നോട്ടം) ആശാനാണ്. പണ്ടൊരിക്കല്‍ ഞണ്ടൊന്നും കിട്ടാതെ വന്നപ്പോള്‍ അമ്പു എയ്തു ചൂട്ടാച്ചിയെ(കണ്ടലുകളുടെ ഇടയില്‍ ധാരളം കാണാം ഈ മത്യത്തെ) പിടിച്ചവനാണവന്‍. ഡപ്പി (പ്രവീണ്‍), പൊടീഷ് (പ്രജി), ഉപ്പായി(സതീശ്) പിന്നെ ഞാനും. ഞങ്ങളുടെ നാട്ടില്‍ എല്ലാവര്‍ക്കും ഇക്കിട്ടപ്പേരുണ്ട് (കുറ്റപ്പേര്).

പണ്ടത്തെപോലെ അല്ല, ഇപ്പൊ കൈപ്പാട്ടിലൊക്കെ തെങ്ങു നട്ടു പിടിപ്പിച്ചിരിക്കയാണ്. തെങ്ങിന്റെ കൂട്ടത്തില് (തോട്ടം) കൂടിയാണ് കൈപ്പാട്ടില് പോകേണ്ടത്. ഒരു വലിയ വന്നിങ്ങ (ഇളനീര്) ഉള്ള തെങ്ങിനെ നോക്കി മമ്മൂട്ടി പറഞ്ഞു, ഡാ നമ്പര് ഇട്ടു വച്ചോ രാത്രി വരാം (അടിച്ചുമാറ്റാന്‍).... പകല്‍ ഞണ്ടു പിടുത്തമാണെങ്കില്‍ രാത്രി ഇളനീര്‍ മോഷണം. എങ്ങനുണ്ട് നമ്മടെ ടീം...നടന്നു നടന്നു ഞങ്ങള്‍ കൈപ്പാടിന്റെ അടുത്ത് എത്തി. ആദ്യം തന്നെ എല്ലാവരും ചെരുപ്പ് അഴിച്ചു ഒരിടത്തു വച്ചു. അല്ലെങ്കില്‍ ചെരുപ്പ് പോയിട്ട് അതിന്റെ വാറു പോലും കിട്ടില്ല, ചളിയില്‍ പൂണ്ടു പോകും (പെണ്ണുങ്ങള്‍ പാദസരവും അഴിക്കണം, ഇല്ലെങ്കിലതു പോയിക്കിട്ടും) . എടാ ഏറ്റം കേരുന്നത്തെ ഉള്ളൂ (വേലിയേറ്റം വരുന്നതേയുള്ളൂ) ഞാന്‍ പറഞ്ഞു. നമ്മക്ക് ഇവിടെ കുറച്ചു നേരം ഇരിക്കാം. വെള്ളം ഇല്ലെങ്കില്‍ ഞണ്ടുകള്‍ മാളത്തില്‍ ആയിരിക്കും. ഏറ്റം വരുമ്പോള് ഇവ ഇരപിടിക്കാനായി പുറത്തിറങ്ങും. വെള്ളം കേറി നമ്മള് യാത്ര തുടര്‍ന്നു.പൊക്കിള (കുമിള) വരുന്നത് നോക്കിയാണ് അമ്പും വില്ലും കൊണ്ടു ഞണ്ടിനെ പിടിക്കാറ്. നടത്തം തുടങ്ങി 10 മിനിട്ട് ആയപ്പോഴേക്കും ആദ്യത്തേതിനെ കിട്ടി. എപ്പോഴത്തെപോലെയും മമ്മൂട്ടി തന്നെ ഉദ്ഘാടകന്‍. അവന്‍ ദൂരെ നിന്നും അമ്പ് തറച്ച ഞണ്ടിനെ പൊക്കി കാണിച്ചു.

പുതുമുഖങ്ങളായ പൊടീഷും ഉപ്പായിയും അങ്ങോട്ടേക്ക് നടന്നു പിന്നാലെ ഞാനും. ഉപ്പായി അതിന്റെ ഇരുക്കാല് പൊട്ടിക്കാനുള്ള ശ്രമത്തിലായിരുന്നു. എനിക്ക് പണ്ടേ കാല് പൊട്ടിക്കാന് ഭയങ്കര വിരുതാണ്, അതിനു കാരണവും ഉണ്ട്. പണ്ടു രാജു മാഷിന്റെ ശിഷ്യനായി സഞ്ചി തൂക്കി ഞാന്‍ പുറകെ പോകും. പിടിക്കുന്ന ഞണ്ടിനെ ഞാന്‍ വാങ്ങി അതിന്റെ ഇരുക്കാല്‍ പൊട്ടിച്ച് സഞ്ചിയിലാക്കും. അതിന്റെ ഇരുക്കാലില്‍ കമ്പോ, പുല്ലോ ഇട്ട് അതിനെ പറ്റിച്ച് കാല് പൊട്ടിച്ചു മാറ്റും.



അത് പഴയ കഥ, ഇപ്പൊ ഞാന് കൈകൊണ്ട് തന്നെ ഞണ്ടിന്റെ കാല് പൊട്ടിച്ചു ഹീറോ ആയി.



പെട്ടെന്ന് ഉപ്പായി വെള്ളത്തില്‍ പൊക്കിള കണ്ടിട്ട് ഉച്ചത്തില്‍ പറഞ്ഞു, വാടാ വാടാ അവിടെ ഞണ്ട് ഉണ്ട് എന്നാണു തോന്നുന്നത്. അപ്പാച്ചി വെള്ളത്തില്‍ ഇറങ്ങി അങ്ങോട്ട് പോയതും "അയ്യോ" എന്ന് പറഞ്ഞു ചുമരിലെറിഞ്ഞ റബ്ബര്‍ പന്തു പോലെ ഇരട്ടി സ്പീഡില് തിരിച്ചു വന്നു പറഞ്ഞു. "അത് പാമ്പ് ആടാ". കേട്ട പാതി കേള്‍ക്കാത്തപാതി എല്ലാവരും ഓടി. ഈ അക്കിടി പലപ്പോഴും എനിക്കും പറ്റിയിട്ടുണ്ട്, പാമ്പും ഞണ്ടിനെ പോലെ തന്നെ പൊക്കിള ഉണ്ടാക്കും. എല്ലാവരും പല വഴിക്കായി നടന്നു, ഇടക്കൊക്കെ ദൂരെ മറ്റുള്ളവരുടെ ഒച്ചപ്പാട് കേള്‍ക്കുന്നുണ്ടായിരുന്നു. ഓരോ ഞണ്ടിനെ കിട്ടുമ്പോഴും പൊടീഷിനാവേശം കൂടി. ഇരുട്ടു ആകാറായപ്പോഴേക്കും എല്ലാവരും കരക്ക് എത്തി. ഭാഗ്യത്തിന് കുറെ ഞണ്ട് കിട്ടിയിരുന്നു.





അതില്‍ 6 എണ്ണം നാരായണി വലിയമ്മക്ക് കൊടുക്കാനായി മാറ്റിവച്ചു. അവിടെ വച്ചു തന്നെ ഞണ്ടിനെ ചുട്ടു തിന്നാന്‍ എല്ലാവരും റെഡി.




അതിനു പൊടീഷ് വിരുതനാണ് അവന്‍ അതെല്ലാം ചെയ്തുകൊള്ളും. തെങ്ങില്‍ കയറി അടിച്ചോല പറിച്ചു തീയിട്ട് എല്ലാത്തിനെയും ചുട്ടു തിന്നു. ഉപ്പായിക്ക് ഇടയ്ക്ക് ഞണ്ടിന്റെ കടി കിട്ടിയിരുന്നു, അതിന്റെ വേദനയില്‍ അവന്‍ അണ്ടിപോയ അണ്ണാനെ പോലെ എല്ലാം നോക്കി നിന്നു.....

6 comments:

പ്രസാദ് said...

ഈ പോസ്റ്റ് 26.11.07നു വിടരുന്ന മൊട്ടുകളില്‍ പ്രസിദ്ധീകരിച്ചിരുന്നു. പക്ഷെ അത് അഗ്രഗേറ്ററുകളിലൊന്നും വന്നു കണ്ടില്ല, കൂടാതെ ഒരു സഖാവതടിച്ചു മാറ്റി പ്രസിദ്ധീകരിക്കുകയും ചെയ്തു (അടിച്ചുമാറ്റാന്‍ മാത്രം ഒന്നും ഇതിലില്ലൊ).. ഒന്നു കൂടി ഇതാ ഇവിടെയും..

ശ്രീലാല്‍ said...

കണ്ണൂരാന്‍ വഴി ഇതു കണ്ടു.

എനിക്ക് പറയാനുള്ളത് വിടരുന്ന മൊട്ടുകളില്‍ പറഞ്ഞിട്ടുണ്ട്.

ബെച്ചിട്ട്‌ണ്ട് എല്ലണ്ണത്തിനും..

chithrakaran ചിത്രകാരന്‍ said...

ഇതൊ കൊള്ളാലോ ഞണ്ടുപിടുത്തപരീക്ഷണങ്ങള്‍ !!
നാട്ടില്‍ കടലില്ലാത്തതിനാല്‍ ഞണ്ടുകളെ ഭയഭക്തി ബഹുമാനത്തോടെ കാണാനാണിഷ്ടം.

Unknown said...

ചണ്ടിപ്പണ്ടാരങ്ങളാണെന്ന് ത്തോന്നുന്നു.

SUNIL V S സുനിൽ വി എസ്‌ said...

രസമുള്ള പോസ്റ്റ്‌..
കൊതിപ്പിച്ചു... ഇതെവിടെയാ സ്ഥലം..?

Unknown said...

Dear Prvasi Prasdaeeeee...
It looks grt yar..
Expecting more funny posts from u